പനി

പനി ഒരസുഖമാണ്‌
പരാജിതമായ പ്രതിരോധം
നെറ്റിത്തടം തിളപ്പിക്കുന്നത്‌.
ആദ്യ സ്പര്‍ശത്താല്‍
അച്ഛനതേറ്റുവാങ്ങുന്നത്‌.
നനഞ്ഞ തിരിത്തുണികള്‍
ചൂടു കുടിക്കുന്നത്‌.
കഴുത്തിനും കമ്പളത്തിനുമിടയില്‍
നീരൊഴുകുന്നത്‌.
വിയോജിപ്പുകള്‍ക്കു വഴങ്ങാതെ
അമ്മ, നേരം വെളുപ്പിക്കുന്നത്‌.
അനുജത്തി അടുത്തിരിക്കുന്നത്‌
സംശയപ്പെരുമഴയ്ക്കൊടുവില്‍
ശരീരം മരുന്നുകള്‍ക്കു വിട്ടുകൊടുക്കുന്നത്‌..
പനി ഒരസുഖമല്ലാതാകുന്നത്‌
കരുതല്‍ കടലാകുമ്പോഴാണ്‌.


നിന്റെ പനിമുഖം എത്ര വശ്യം?
വിയര്‍പ്പൊട്ടിയ മുഖരോമങ്ങളില്‍
കവിളമര്‍ത്തി
പനിമണത്തതും അവള്‍.


പനി സുഖകരമാകുന്നത്‌,
അതാസ്വദിക്കപ്പെടുമ്പോഴാണ്‌.


പനി പിടിക്കുന്നതിന്‌
ചില കാരണങ്ങളുണ്ട്‌.
മഴ നനയുക.
വെയില്‍കൊള്ളുക.
അങ്ങിനെ പലതും.


നഗരത്തിലെ സീബ്രാവരകള്‍
കരുത്തന്മാരാകുന്നത്‌
അലറിയെത്തുന്നവര്‍
കിതപ്പ്‌ രേഖപ്പെടുത്തുമ്പോഴാണ്‌.
അവയുടെ ഇത്തിരി സുരക്ഷയില്‍
കണ്ണിലേക്ക്‌ മണ്ണെറിഞ്ഞ്‌
പനി വിതച്ച്‌ മറഞ്ഞതും അവള്‍.


ഓര്‍മ്മകള്‍ പനിക്കുന്നുവോ?
നെഞ്ചം തണുക്കുന്നുവോ?
വഴിയരികിലെ അനാഥമായ പുതപ്പെടുക്കാം.
ഉള്‍പ്പനിയൊക്കെയും അതിലൊതുക്കാം.


പനിഒരസുഖമാണ്‌
കാലിടറുമ്പോഴും,
കാലാവസ്ഥ മാറുമ്പോഴും,
മനസ്സുകളില്‍ സംഭവിക്കുന്നത്‌...