Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

മാ നിഷാദ


നമ്മുടെ കുടുംബക്കോടതികള്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ പോലെയാണ്‌ .ഏപ്പോഴും തിരക്കോടു തിരക്കു തന്നെ.
കാറില്‍ നിന്നിറങാത്തവരും കാറു കണ്ടു മാത്രം പരിചയമുള്ളവരും വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നു. 
ഒരുപാടൊത്തുതീര്‍പ്പുകള്‍ അതുപോലെ വിയോജനങ്ങള്‍ .. 
അവരവര്‍ക്കോ / ഉറ്റവര്‍ക്കോ അപ്പുറം അതൊന്നും ഒരൊറ്റവരി വാര്‍ത്ത പോലുമാകുന്നില്ല. 
കഥാപാത്രങ്ങള്‍ താരങ്ങളാകുബോള്‍ ചിത്രം മാറുന്നു.
കോടതിയിലേക്കുള്ള വരവു മുതല്‍ ഇറക്കം വരെ .. 
അഭിമുഖം മുതല്‍ വാദങ്ങള്‍ വരെ..
കുഞ്ഞിന്റെ ക്ലോസപ്പു മുതല്‍ ദൂരക്കാഴ്ച്ച വരെ.. 


തത്സമയ അഭിപ്പ്രായ സംപ്രേകഷണമോ / എസ് എം എസ് വോട്ടെടുപ്പോ ഇതുവരെ നടന്നില്ലെന്നു തോന്നുന്നു.
നമുക്കൊരു നിമിഷം, ഇടയിലുലയുന്ന കുട്ടിയുടെ മനസ്സായി നോക്കാം !
എന്തൊക്കെയാകും ആ കിളിയിലൂടെ യാത്ര ചെയ്തിട്ടുണ്ടാകുക ?
എന്താകും അവള്‍ക്കു നമ്മോട് പറയാനുണ്ടാകുക ?
പിടിവലികള്‍ക്കിടയിലൂടെ നൂണ്ടിറങ്ങിയ ക്യാമാറക്കണ്ണുകളെക്കുറിച്ചോ .. 
വീട്ടില്‍ / വരാന്തയില്‍ / ഓഫീസില്‍ / ബസ്സില്‍ / ട്രെയിനില്‍ / എവിടെയും 'ഡിസ്ക്കസ്' ചെയ്യപ്പെടാന്‍ പോകുന്ന തന്റെ ഭാവിയെക്കുറിച്ചോ ..?
അതോ ഡയാനക്കു പിന്നാലെ പാഞ്ഞു നടന്ന പപ്പരാസികളെക്കുറിച്ചോ ?
ക്രൌഞ്ചമിഥുനപ്പക്ഷികളെക്കുറിച്ചോ .. 
തന്നെ ടി വി യില്‍ കണ്ട 'വിശേഷം' പങ്കു വെക്കുന്ന സഹപാഠികളെക്കുറിച്ചോ ?
മഞ്ഞകളിലെ അപസര്‍പ്പക കഥകളെക്കുറിച്ചോ ? 
മടക്കത്തില്‍ കവിള്‍ നനച്ച കണ്ണീരിനെക്കുറിച്ചോ ..
പതിവായ്‌ കാണുന്ന ദുസ്വപ്നങ്ങളെക്കുറിച്ചോ ...
അതോ .. 
അതോ ... 
അതോ ...

നീല ജീന്‍സിന്റെ കാര്‍ക്കശ്യം ഭേദിച്ച് ചുവപ്പ് പടര്‍ന്നിറങ്ങുന്നു. !


രണ്ടു വാഹനങ്ങള്‍ക്കിടയിലൂടെ വണ്ടി പായിക്കുക ഹരങ്ങളില്‍ പ്രധാനമാണ്. 
ഇന്നു രാവിലെയാണ് സമാനഹരമുള്ള മറ്റൊരു ചെറുപ്പക്കാരന്‍ മുന്‍പിലൂടെ വണ്ടി പായിച്ചു പോയത്.
ആധുനിക എഞ്ചിന്‍ നിലവാരത്തിലെ ഏതോ ഒരു ഇരുച്ചക്ക്രവാഹനമെന്നോര്‍ക്കുന്നു.
പിന്നീടു നടുറോഡില്‍ ഒരു കാറിനോരം ചേര്‍ന്ന്‍ വണ്ടിയില്‍ നിന്നുമിറങാനാകാത്ത വിധം വേദന കൊണ്ടു പുളയുന്ന ഒരുവനെയാണ് കണ്ടത് .
അവനെ ഞെക്കി ഞെരുക്കിയ അപരവാഹനം കടന്നു പോയിരിക്കണം.
കാഴ്ച്ചകണ്ടു നില്‍ക്കുന്ന ഒരുപാടു പേര്‍ ! (മലയാളീ !:)
ഏതായാലും പത്തുമണിയൊപ്പിന്റെ ഓര്‍മ്മകള്‍ കാന്‍സല്‍ ചെയ്ത് റോഡരുകിലെ വര്‍ക്ക് ഷോപ്പിനു മുന്നിലേക്ക്
അവനെ മാറ്റിയിരുത്തുബോഴേക്കും ആളു കൂടിക്കഴിഞ്ഞിരുന്നു. ഒരു കാല്‍ മുട്ട് മടക്കാനാകുന്നില്ല. നീല ജീന്‍സിന്റെ കാര്‍ക്കശ്യം ഭേദിച്ച് ചുവപ്പ് പടര്‍ന്നിറങ്ങുന്നു.
മുട്ടിന്റെ ചിരട്ടയില്‍ അസാരം ദ്വാരങ്ങള്‍ .
എന്നിട്ടും അവന്‍ കരയുന്നുണ്ടായിരുന്നില്ല.
മിക്കവാറും എല്ലാം മരവിച്ചു പോയിരിക്കണം.
കയ്യിലെ മൊബൈല്‍ ഫോണില്‍ നിന്നും ഏതോ ഒരു സുഹൃത്തിന്റെ നമ്പര്‍ അവന്‍ ഡയല്‍ ചെയ്തു വിവരങ്ങള്‍ ധരിപ്പിക്കാനേല്‍പ്പിച്ചു.
ആരോ കൈ കാട്ടി നിര്‍ത്തിയ ഓട്ടോറിക്ഷയിലേക്ക് പണിപ്പെട്ടു കയറ്റാന്‍ തുടങ്ങുന്നത്തിനിടയില്‍ യാദൃശ്ചികമായാണ് മറ്റൊരു ചെറുപ്പക്കാരന്‍ ഇടപെട്ടത്.
അദ്ദേഹത്തിന്റെ വാഹനത്തിലേക്ക് രഞ്ചിത്തിനെ കയറ്റി ഇരുത്തിപ്പുറത്തേക്കിറങ്ങിയപ്പോഴാണ് ബോര്‍ഡു ശ്രദ്ധിച്ചത്, 'പോലീസ്'.
മേലുദ്യോഗസ്ഥനെ വീട്ടില്‍ നിന്നും ഒഫീസിലെത്തിക്കാനുള്ള തത്രപ്പാച്ചിലിലായിരുന്നിരിക്കണം, അദ്ദേഹം. ഏതായാലും രഞ്ചിത്തിനേയും കയറ്റി ആ വാഹനം ഇടപ്പഴഞ്ഞിയിലെ എസ് കെ ഹോസ്പ്പിറ്റലിലേക്ക് പാഞ്ഞു പൊയ്ക്കഴിഞ്ഞു. ഒപ്പം കാറോടിച്ചിരുന്ന ആ സാറും ഉണ്ട്. രഞ്ചിത്തിന് വേഗം സുഖമാകട്ടെ . ഒപ്പം പത്തുമണിത്തിരക്കിലും അവനെ ആശുപത്രിയിലെത്തിക്കാന്‍ മനുഷ്യത്വം കാട്ടിയ ആ മാതൃകാ പോലീസ് സുഹൃത്തിന് മേലുദ്യോഗസ്ഥന്റെ ശകാരം കിട്ടാതിരിക്കട്ടെ .
രണ്ടു വാഹനങ്ങള്‍ക്കിടയിലൂടെ വണ്ടി പായിക്കുബോള്‍ രഞ്ചിത്തും മറ്റു മുഖങ്ങളും എന്നിലും(എല്ലാവരിലും) തെളിയട്ടെ .. !
കാരണം പൊട്ടിപ്പോകാന്‍ നമുക്ക് കണ്ടമാനം മുട്ടുകള്‍ ഇല്ലല്ലോ.. !

പച്ച നിറമുള്ള ശബ്ദം




പച്ച നിറമുള്ള ശബ്ദം 
-----------------------

ഇത്‌ ബാലു; റ്റൂ വീലര്‍ മെക്കാനിക്കാണ്‌. ‘പഞ്ചു’, ഹോട്ടലിലെ ഉച്ചഭക്ഷണത്തിനിടയില്‍ യാദൃശ്ചികമായാണ്‌, അദ്ദേഹവും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനുമൊപ്പം മേശ പങ്കിട്ടത്‌. ഗ്രീസും കരിയോയിലും കലര്‍ന്നതാണവരുടെ ഉടുപ്പുകള്‍ .നെറ്റിക്കു മുകളിലേയ്ക്ക്‌ അലക്ഷ്യം തലമുടി ചിതറിക്കിടന്നിരുന്നു.വറുത്ത മുളകിനും വെള്ളരിയ്ക്കക്കറിക്കുമൊപ്പം അവരുടെ വര്‍ത്തമാനങ്ങളിലേയ്ക്കും മെല്ലെ സഞ്ചരിച്ചു.
ആദ്യമായ്‌ ചെയ്ത വാഴക്കൃഷിവിശേഷങ്ങളാണ്‌ ബാലു പങ്കു വെച്ചുകൊണ്ടിരുന്നത്‌.വീട്ടില്‍ നിന്നും സുമാര്‍ 15 കിലോ മീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലേയ്ക്കുള്ള യാത്രാ വിവരണം 'ശ്ശി' ഇഷ്ടായി... ഏത്തന്‍ , കപ്പ, രസകദളി, പാളയംതോടന്‍ തുടങ്ങി മധുരങ്ങളുടെ വൈവിധ്യങ്ങള്‍ മിന്നി മായുന്നതിനോടൊപ്പം ഇലകളില്‍ വറുത്ത മീനുകള്‍ വരുകയും പോകുകയും ചെയ്തു.. ആദ്യാനുഭവം എന്നതു കൊണ്ടു തന്നെ കൃഷി കടുകട്ടിയായിരുന്നത്രേ വാഹന സൗകര്യമുള്ള റോഡ്‌ അകലെയായതിനാല്‍ ചാണകമടക്കം ദീര്‍ഘദൂരം തലച്ചു മടായി എത്തിക്കേണ്ടി വന്നു. “വണ്ടിപ്പണി ചെയ്തു കിട്ടുന്ന വരുമാനം ഒന്നിനും തികഞ്ഞിരുന്നില്ലെന്ന ആത്മഗതം നിഷ്കളങ്കമായ ചിരിയിലൊതുക്കി ബാലു, മൊരിഞ്ഞ പപ്പടത്തിലേയ്ക്കു കണ്ണു പായിച്ച് വര്‍ത്തമാനം തുടര്‍ന്നു ..


“ഒരുതുള്ളി രാസവളം പോലും ഞാനവര്‍ക്കു കൊടുത്തിരുന്നില്ല... വൈകുന്നേരങ്ങളില്‍ അടുത്ത കിണറ്റില്‍ നിന്നാണു വെള്ളമെടുക്കുക.. ബക്കറ്റുകളില്‍ അതു വാഴച്ചുവടുകളിലേയ്ക്കെത്തിക്കും.. എല്ലാ പണിയും കഴിയുബോള്‍ സന്ധ്യയായിരിയ്ക്കും.. .. തളര്‍ ച്ച മാറ്റാന്‍ ഉറപ്പായൊരു കാറ്റു വീശും... ആ തണുപ്പില്‍ വിയര്‍ പ്പു കുതിരും...കായ്കള്‍ ഭൂരിപക്ഷവും അടുത്തുള്ള കടകളിലാണ്‌ വിറ്റിരുന്നത് .. കുറേ വീട്ടിലേയ്ക്കും കൊണ്ടു പോന്നു.. രാസവളം ചേര്‍ ക്കാത്തതു കൊണ്ടു തന്നെ.. തേനിന്റെ രുചിയായിരുന്നു.. ചൂടുള്ള പുട്ടിനൊപ്പം അതു ബെസ്റ്റെന്ന് ബാലു കണ്ണിറുക്കി സാക്ഷ്യം ചെയ്തു.. :)

ആദ്യ ലക്കമായതു കൊണ്ടു തന്നെ അധ്വാനത്തിനനുസരിച്ചുള്ള ലാഭമുണ്ടായില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.. അയ്യായിരം രൂപയാണു മുടക്കുമുതല്‍ .. അഞ്ഞൂറു രൂപ അധികം കിട്ടി. അതാണ്‌ ആദ്യത്തെ ലാഭം..എങ്കിലും കൃഷി നിര്‍ ത്തുന്നില്ല. മണ്ണിനോടുള്ള ഇഷ്ടത്തിനൊപ്പം അതിനു മറ്റൊരു കാരണം കൂടിയുണ്ട്‌.. 'വാഴക്കുട്ടികള്‍ ക്കു' വെള്ളം കൊടുത്ത്‌ വരമ്പത്തു നില്‍ക്കുബോള്‍ അവരൊരുമിച്ചു ബാബുവിനെ നോക്കി തലയാട്ടുമത്രേ അതിനപ്പുറം മറ്റൊരു സംതൃപ്തിയും തനിക്കില്ലെന്ന് ബാലു പറയുമ്പോള്‍ , ടിയാന്റെ കണ്ണുകളില്‍ നൂറു നേന്ത്രവാഴകള്‍ ഒരുമിച്ചു കുലയ്ച്ചു.

പുളിശ്ശേരിയെത്തിയിരിയ്ക്കുന്നു.... .. ..ചോറൂണിന്റെ അവസാന റൗണ്ട്‌ പൂര്‍ത്തിയാക്കി വാഴക്കളത്തിലേയ്ക്കുള്ള ഊഷ്മളമായ ക്ഷണം സ്നേഹപൂര്‍വ്വം സ്വീകരിച്ച്‌ ഞങ്ങള്‍ ഇരുവശങ്ങളിലെ വെയിലിലേയ്ക്കു നടന്നു ..

ഏറെയകലെയല്ലാതെ പൊടി പടരുന്നതു കണ്ടോ .. ?
പകല്‍ ജോലിയുടെ കൊടുംഭാരം കൂസാതെ കൃഷിയിടത്തിലേയ്ക്കു വണ്ടി പായിയ്ക്കുന്നൊരു ചെറുപ്പക്കാരനാണത്‌. ഗ്രീസു പുരണ്ട വസ്ത്രങ്ങളെങ്കിലും അയാളെ നോക്കി അസംഖ്യം വാഴക്കുട്ടികള്‍ ഹൃദയപൂര്‍വ്വം തലയാട്ടാനുണ്ട്‌. അവരയാളെ ഇലകളാല്‍ ആലിംഗനം ചെയ്യുന്നു... കായ്കളാല്‍ ആശ്ലേഷിയ്ക്കുന്നു ...

മാതൃകാ കര്‍ഷകന്റേയോ മാറ്റിതര പുരസ്ക്കാരങ്ങളുടേയോ പ്രഖ്യാപനങ്ങളില്‍ ബാലുവിനെ കണ്ടെന്നു വരില്ല.എങ്കിലും ഇടക്കൊന്നു കാതോര്‍ത്താല്‍ കേള്‍ക്കാം ... സ്നേഹത്തിന്റേയും പരിസ്ഥിതി സൗഹൃദ സഹവര്‍ത്തിത്വത്തിന്റേയും നിലയ്ക്കാത്ത ശബ്ദങ്ങള്‍ .. .. ജീവന്റെ ചൂടുള്ളത് ... മണ്ണിന്റെ രുചിയുള്ളത് ..

* ബാലുവിന്‌ ഇന്റര്‍നെറ്റുമായി യാതൊരു ബന്ധവുമില്ല ...
നമ്പര്‍ : 9747 989 847

നീ അവസാനമായ് തൊട്ട ..

പോളിടെക്നിക്ക് ഗ്രൌണ്ട് മെയ് 30 , 2011 :

നനച്ച വഴികളെങ്കിലും വൈകുന്നേരത്തെ പതിവു വ്യായാമം ഒഴിവാക്കാന്‍ തോന്നിയതേയില്ല .
ഇരുവശവും പടര്‍ന്നു നില്‍ക്കുന്ന പച്ചപ്പിന്റെ സമൃദ്ധി .
അവക്കരികിലായാണ് ആ കുഞ്ഞു ശരീരം കണ്ടത് .
കായിക ശേഷിയില്‍ മിടുക്കു കാട്ടിയ പതിനഞ്ചിലധികം ചുമടനുറുമ്പുകള്‍ അവനെ ഉയര്‍ത്തിപ്പിടിച്ചിരുന്നു .
ജീവന്‍ മടങ്ങാന്‍ മടി കാട്ടിയിട്ടാകണം , അവരുടെ സല്‍ക്കാരങ്ങള്‍ക്കിടയിലും അവന്‍ വിറച്ചു കൊണ്ടേയിരുന്നു .
സുഹൃത്തുക്കള്‍ ഓട്ടത്തിന്റെ രണ്ടും മൂന്നും റൌണ്ടുകള്‍ പിന്നിട്ടിരിക്കുന്നു .
അവരെന്തോക്കെയോ തമാശകള്‍ പൊട്ടിച്ച് കടന്നു പോയി ..
ഒന്നും ശ്രദ്ധിക്കാന്‍ തോന്നിയതേയില്ല ...

സുന്ദരികളായ പൂക്കള്‍ അവനിലൂടെ പരാഗിതകളായിരിക്കണം ...

ചിറകുകള്‍ ഉടയാതെ കൈവെള്ളയില്‍ ചേര്‍ത്തു ...

കറുപ്പും ചുവപ്പും നീലയും നിറങ്ങളില്‍ , മനോഹരമാണവന്റെ കുപ്പായം

വിട്ടു പോകാന്‍ വല്ലാത്ത മടി കാട്ടിയെങ്കിലും ...സൂക്ഷ്മതയോടെ ചുമടന്മാരെ ഊതിയകറ്റി ...
അവരുടെ കൂര്‍ത്ത ചുണ്ടുകള്‍ സമാധിയിലും അവന്റെ കുപ്പായങ്ങളില്‍ ഇഴഞ്ഞു നടന്നിരിക്കണം ....
നോക്കു കൂലിക്കു കാക്കാതെ അവര്‍ കലപില കൂട്ടി നടന്നു പോയി !

ക്രിക്കറ്റു കളിക്കുന്നവര്‍ മടക്കം തുടങ്ങിയിരിക്കുന്നു ..
അവരുടെ ട്രാക്ക് സ്യൂട്ടുകളില്‍ മഴ ട്വെന്റി ട്വെന്റി കളിച്ചു തുടങ്ങി ....





ക്ലാസ് മുറികള്‍ വിജനമാണ് ...
വരാന്തയോടു ചേര്‍ന്ന ആദ്യത്തെ ജനാലയില്‍ മഴ നനയ്ക്കാത്ത ഒരിടത്ത് ഞാന്‍ നിന്നെ ..... (ഉപേക്ഷിക്കുന്നു )


നാളെ ആദ്യമെത്തുന്ന കുട്ടിയാണ് നിന്നെ കാണുക ...
അവള്‍ നിന്നില്‍ മൃദുവായ് വിരല്‍ ചേര്‍ക്കും ...
പാല്‍ പോലെ കുട്ടിക്ക്യൂറ മണത്തിടും ....

കൈരേകകളില്‍ കുഞ്ഞരുവികള്‍ ഉയിര്‍ കൊള്ളും

ഒട്ടും പരിഭ്രമിക്കേണ്ടതില്ല ;
കൂട്ടുകാരന്‍ ചുറ്റുവട്ടത്തുണ്ടാകും ...
അതിനാല്‍ നീ മുഖം മിനുക്കണം

അതിനുള്ളില്‍ ചുവന്ന സൂര്യനായോ ... ;

ഒരാണ്‍പൂവായോ ; പരകായപ്പെടണമെന്ന്‍ ........





നീ അവസാനമായ് തൊട്ട ശലഭം ആഗ്രഹിക്കുന്നു ....
ഇല്ലെങ്കില്‍ ആദ്യം കാണുന്ന കുട്ടിയാല്‍ നീയൊരു കവിതയാകും ...
മണ്ണെടുക്കാത്ത വരികളുള്ളത്.

..