അവലോസുണ്ട



എരിയും ചൂടില്‍
പുക വലിക്കുന്നവര്
'‍.

പൊള്ളും രാഷ്ട്രീയം സംവദിക്കുന്നവര്‍.

കൈലേസുകളാല്‍ വിയര്‍പ്പൊപ്പുന്നവര്‍.

സ്വന്തം മേല്‍ കൊണ്ടു നിലം തുടക്കുന്നവര്‍.

വഴിക്കാഴ്ച്ചകള്‍ കണ്ടിരിക്കും ചിലര്‍.

എല്ലാം മറന്ന് സുഖമായുറങ്ങുവോര്‍.

ചുറ്റിനും മുഴങ്ങും റിങ്ങ് ട്ടോണ്‍ ഒച്ചകള്‍.

ഉറക്കെപ്പാടുന്ന അന്ധയായ പെണ്‍കുട്ടി .

കക്കൂസില്‍ നിന്നും തുളച്ചെത്തുന്ന മൂത്രച്ചൂരുള്ള കാറ്റ്..'






തീവണ്ടികളിലെ പൊതു കമ്പാര്‍ട്ട്മെന്റുകള്‍ ഇങ്ങനെയാകുന്നു..
ഏതായാലും ഒന്നര മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 'ഹാപ്പാ എക്സ്പ്രസ്സ്' നീങ്ങിത്തുടങ്ങി.
തിക്കിനും തിരക്കിനുമിടയില്‍ ഇരുണ്ട ചായം തേച്ച തടി സീറ്റിന്റെ ഒരറ്റം ഒഴിഞ്ഞു കിട്ടി. ഞങ്ങള്‍ അഞ്ചു പേര്‍ ബുദ്ധിമുട്ടിയെങ്കിലും സമൃദ്ധമായിരിക്കുന്നു. എതിര്‍ സീറ്റിലെ നാലു പേരും സ്ത്രീകളാണ്.
സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍, വര്‍ദ്ധിച്ചു വരുന്ന പീഢനം, ജെന്റെര്‍ ഇക്വാളിറ്റി, തുടങ്ങി ഗൗരവതരവും ഉള്‍ക്കനവുമുള്ള ചര്‍ച്ചകളാല്‍ അവര്‍ തങ്ങളുടെ തീവണ്ടി സമയം സജീവമാക്കി.കട്ടിക്കണ്ണട വെച്ച മധ്യവയസ്കയാണ്, അവരിലെ പ്രധാനിയെന്നു തോന്നുന്നു. ആദരം പിടിച്ചുപറ്റുന്ന അവരുടെ വാക്കുകള്‍, ചില 'ആണ്‍-സിങ്കങ്ങളുടെയെങ്ങിലും' സമനില പാടേ തെറ്റിച്ചിരിക്കണം. സ്ത്രീകളുടെ കോട്ടണ്‍ സഞ്ചികള്‍ കുടവയര്‍ പോലെ വീര്‍ത്തിരുന്നു.വയര്‍ തുളച്ച് ആനുകാലികങ്ങള്‍ പുറത്തേക്കു നോക്കി..ജനലിനോട് ചേര്‍ന്നിരിക്കുന്നത് ഒരുറച്ച ആഹാരപ്രിയനാണ്. പാന്‍ട്രികാറിലെ വറചട്ടിയിയില്‍ മൊരിഞ്ഞു ചുവന്ന, എണ്ണ കുടിച്ചു വീര്‍ത്ത, ഉഴുന്നുവടകള്‍ ചുടുചട്ട്ണിയില്‍ മുക്കി ഇടതടവില്ലാതെ ശാപ്പിടുന്ന അയാള്‍ക്കു മുന്‍പിലൂടെ
വറ്റിയ പുഴകളും,
കത്തുന്ന പാടങ്ങളും,
കടയറ്റ മരങ്ങളും ഓടിപ്പോകും.

ബാല്യത്തിന്റെ തീവണ്ടിയോര്‍മ്മകള്‍ വേനലവധികളിലാരംഭിക്കുന്നു .സന്തോഷകരമായ നാട്ടുയാത്രകള്‍,. മടക്കങ്ങളാണു വേദനിപ്പിക്കുക. തീവണ്ടി, സുഖവും ദു:ഖവുമാകുന്നു.... പുകതുപ്പി ഗമയോടെ വേഗത്തില്‍ പായുന്ന ഞങ്ങളെ നോക്കി കുട്ടികള്‍ ചിരിക്കുകയും പട്ടികള്‍ കുരക്കുകയും ചെയ്തിരുന്നു. യാത്രക്കാര്‍ വഴിയോരങ്ങളില്‍ അഭിവാദ്യം ചെയ്തു കടന്നു പോയി.
തീവണ്ടിപ്പകലുകളെ ഇരുട്ടു ചുംമ്പിക്കുന്നത്‌, യാത്ര തുരങ്കങ്ങളിലെത്തുമ്പോഴാണ്‌.തുരങ്കങ്ങള്‍ സുഖമുള്ള തണുപ്പറകളാകുന്നു. അവയുടെ ചുവന്ന മണ്‍ഭിത്തികളിലൂടെ നീരുറവകള്‍ പൊട്ടിയൊലിക്കം. കൂരിരുട്ടില്‍ ജലരേഖകളുടെ മണ്‍കൊഴുപ്പില്‍, വേരുകള്‍ മണ്ണിരകളോടിണ ചേരും. പച്ചവള്ളിപ്പടര്‍പ്പുകളില്‍ മണ്‍പാറ്റകള്‍ കൂടുകൂട്ടും. ഇലകള്‍ ഇലകളോട്‌ മെയ്യുരസ്സും. ഇലഞ്ഞരമ്പുകളില്‍ പച്ചിലപ്പാമ്പുകള്‍ ഇളം പച്ചപ്പടം പൊഴിച്ചിടും..

പാളങ്ങള്‍ക്കരികിലെ മുനിഞ്ഞു കത്തുന്ന വെളിച്ചപ്പൊട്ടുകളാണ്‌ ഇവിടങ്ങളിലെ മനുഷ്യന്റെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നത്‌. ചക്ക്രശില്‍ക്കാരങ്ങളാല്‍ ഉണരുകയും ,ഉറങ്ങുകയും ചെയ്ത ഒരു ജനസംസ്കൃതി, മുകള്‍ത്തട്ടിലെ സമാന്തരമായി മണ്മനം പറ്റി വളരുകയും കരിം പുക തട്ടി തളരുകയും ചെയ്തിരിക്കണം. ഈ ഗുഹാമുഖങ്ങളിലെ ചതുപ്പു നിലങ്ങളില്‍ കാട്ടുചീരയും കമ്മ്യൂണിസ്റ്റു പച്ചയും ഇടകലര്‍ന്നു വളരുന്നു...ഇവിടങ്ങളിലെ ചെറുബാല്യങ്ങള്‍ ഈ റെയില്‍‌പ്പാ‌ളങ്ങളെ
നടപ്പാതകളാക്കിയിരിക്കണം...പിഞ്ചുകാലടികളിലെ ചരല്‍ തിന്ന തൊലിപ്പുറം, ഇലച്ചാറില്‍ മുക്കിയവര്‍ സ്ക്കൂളിലേക്കോടിയിരിക്കണം.





തുരങ്കരാത്രികളിലെ ശബ്ദാനുക്രമങ്ങള്‍ പനി വിതച്ച പൊന്തനെലിയും പേറുകഴിഞ്ഞ കൊടിച്ചിപ്പട്ടിയും നിയന്ത്രിക്കുന്നു. ഇരുട്ടുമുറിച്ചെത്തുന്ന കാക്കിധാരിയുടെ തിളങ്ങുന്ന ടോര്‍‌ച്ചുവെട്ടവും, ഉടുതുണി മാറോടടുക്കിയോടുന്ന രാത്രിപ്പെണ്ണിന്റെ പദസഞ്ചലനവും ഇവിടത്തെ സ്ഥിരം കാഴ്ച്ചകളത്രേ.. അവളുടെ നെഞ്ചൊച്ച കൂരിരുട്ടിനെ കീറി മുറിക്കും..അപൂര്‍‌വ്വമായെത്തുന്ന തുരങ്കങ്ങള്‍ ഞങ്ങളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയിരുന്നത്‌..മൂന്നു വയ്യസ്സിളപ്പമുള്ള പെങ്ങളും ഞാനും ജനാലക്കരികിലെ ഇരിപ്പിടത്തിനായി നിരന്തരം മത്സരിച്ചിരുന്നു. അച്ഛനമ്മമാരുടെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ഒരിക്കലും ഞങ്ങളെ തൃപ്ത്തരാക്കിയിരുന്നില്ല.
പുകയുന്ന ചൂടില്‍ ബാല്യം മെല്ലെയുരുകി...
.ഏതോ ഒരു ലെവെല്‍ ക്രോസിനു സമീപമാണു തീവണ്ടീയിപ്പോള്‍..ഞങ്ങളുടേതിനേക്കാള്‍ വേഗതയുള്ള മറ്റൊരു സുഹൃത്തിനു 'വഴിയൊരുക്കാന്‍ ' പിടിച്ചിട്ടതാണത്രേ..അതേതായാലും 'ശ്ശീ'
നീണ്ടു.ഇരുവശവും അക്ഷമമായ കണ്ണുകളാല്‍ വാഹനങ്ങളുടെ നീണ്ട നിര. ഇതിനിടയില്‍ ഒരു സുന്ദരിപ്പശു ! അവള്‍ തന്റെ വഴി മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ ശക്തമായ്‌ കോട്ടുവായിട്ടു. കാലിനും വാലിനുമിടയിലൂടെ ഒലിച്ചിറങ്ങിയ ചാണകം, വേനല്‍ തിളപ്പിച്ച താര്‍ നിരത്തിനെ തെല്ലൊന്നു തണുപ്പിച്ചിരിക്കണം..അല്ലാ.,ചാണകത്തിനും ചൂടുണ്ടാകുമോ ? ഉഷ്ണം ഉഷ്ണേന ശാന്തി !. നീണ്ട തീവണ്ടിയെ നോക്കി ദീപ്തമായ കണ്ണുകളാല്‍ അവള്‍ മന്ത്രിച്ചിരിക്കണം.. "എന്താ മാഷേ..ഇതെന്താ കഥ " ..!!!
വഴിക്കാഴ്ച്ചകള്‍ സിനിമകളാണ്‌..അവ മിന്നി മറഞ്ഞു കൊണ്ടിരിക്കും. പൊടിപിടിച്ചതും, വിലപിടിച്ചതുമായ മനുഷ്യരുടെ മിനിയേച്ചര്‍ ദൃശ്യങ്ങള്‍...

യാത്രയുടെ കുലുക്കത്തിനിടയിലും പത്രം ആര്‍ത്തിയോടെയാണ്‌ തിന്നു തീര്‍ത്തത്‌. പാളങ്ങളില്‍ പിടഞ്ഞമര്‍ന്നവരുടെ ദുരന്ത കഥകള്‍ മുതല്‍ വിവിധ തരം മരണങ്ങളാല്‍ ചരമക്കോളങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. പീഢനം അയാള്‍ക്കൊരു ഫാഷനായിരുന്നുവത്രേ..പരേതന്റെ ഛിന്നഭിന്നമായ ബഹുവര്‍ണ്ണ ചിത്രത്തിനൊപ്പം വിശദമായ റിപ്പോര്‍ട്ടും കൊടുത്തിരിക്കുന്നു.ലേഖികയുടെ ഗ്രാഫ്‌ ഉറപ്പായും ഉയര്‍ന്നിരിക്കണം...

ഒരിറച്ചിവെട്ടുകാരന്റെ ലാഘവത്തോടെ ഉരുക്കുചക്രങ്ങള്‍ അയാളെ അരിഞ്ഞു വീഴ്ത്തിയിരിക്കണം. നിലവിളിസമയം ശേഷിപ്പിക്കാതെ പാളങ്ങള്‍ അയാളോടു മന്ത്രിച്ചിരിക്കണം.."സുഹ്രുത്തേ താങ്കള്‍ പരിധിക്കു പുറത്താണ്‌" !! ഇങനെ പരിധിക്കു പുറത്തായവര്‍ക്ക് തീവണ്ടിയുടെ അനന്തസാധ്യതകള്‍ പരീക്ഷണവിധേയമാക്കാവുന്നതാണ്‌.

തീവണ്ടി ഒരതിവേഗ മോക്ഷമാര്‍ഗ്ഗമാകുന്നു..!!

അവിടെ ആ തുറന്നിട്ട വാതിലിനരികില്‍ കക്കൂസുകളാണ്‌, വൃത്തിയും വെടിപ്പുമില്ലാത്തവ രണ്ടെണ്ണം. പാളങ്ങളിലേക്ക് അലറിത്തെറിക്കുന്ന വിസര്‍ജ്യങ്ങള്‍ കരിങ്കല്‍ക്കഷ്ണങ്ങളില്‍ ചിതറി തെറിക്കും വിധം ശാസ്ത്രീയമായി സജ്ജീകരിച്ചിരിക്കുന്നു. കുടുസ്സു മുറിയില്‍ കുടുങ്ങി നിന്നു മൂത്രമൊഴിക്കാന്‍ പ്രത്യേക പ്രാഗല്‍ഭ്യം അഭികാമ്യം..എല്ലോറയിലെ ഗുഹാചിത്രങ്ങള്‍ക്കു വെല്ലുവിളി ഉയര്‍ത്തി ചുറ്റിനും നഗ്നത ഫ്രീയായി കോറിയിട്ടിരിക്കുന്നു. താങ്കള്‍ ഒരു ജന്തു ശാസ്ത്ര വിദ്യാര്‍ത്ഥിയെങ്കില്‍ നിര്‍ബന്ധമായും ഈ വിഷ്വല്‍ റൗണ്ട്‌ കണ്ടിരിക്കണം. മലയാളനിഘണ്ടുനന്യമായ അസാമാന്യം പദശേഖരങ്ങളാല്‍ ഈ ചെറുമുറി ധാരാളിത്തം കാട്ടുന്നു.രക്തം കുടിച്ചു വീര്‍പ്പുമുട്ടിയ പഞ്ഞിക്കഷ്ണങ്ങള്‍ മൂലകളില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.ഒരു പരസ്യവാചകമാണ്‌ പെട്ടെന്നോര്‍മ്മ വന്നത്‌, 'നമുക്കും മോഡേണാകണ്ടേ'!!!.. ആധുനിക നാഗരികതയുടെ സാംസ്കാരികതയുടെ വികാസമാണ്‌ ഗവേഷണവിഷയമെങ്കില്‍ ഇത്തരം പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്‌ ഉചിതമായിരിക്കും.

"കഞ്ഞിപ്പശ മുക്കി തേച്ചു മിനുക്കിയ ചട്ടയും മുണ്ടും.
വളിയ തുളയുള്ള കാതുകള്‍..
'ഠ' വട്ടത്തില്‍ കമ്മലുകള്‍.
വിരലോടിത്തേഞ്ഞ കൊന്തമാല.
വില്ലു പോലെ വളഞ്ഞ മുതുക്.
ഊന്നുവടിയാക്കിയ മുഷിഞ്ഞ കാലന്‍ കുട."

മധ്യ തിരുവിതാംകൂറിന്റെ നസ്രാണിപ്പെരുമ തനിമയോടെ അനുസ്മരിപ്പിച്ച്‌ ഒരു പാവം വല്യമ്മ..
തീവണ്ടിയിലെ പെരുന്നാള്‍ തിരക്കുകണ്ടന്തം വിട്ടു നില്‍ക്കുന്ന, വല്യമ്മക്കു ചുറ്റിനും യാത്രക്കാര്‍ മെഴുകുതിരി പോലെ ഉരുകിപ്പരന്നു.ഒപ്പമുണ്ടായിരുന്നവര്‍ വല്യമ്മക്കു സ്ഥലം കണ്ടെത്താനാകാതെ നിസ്സഹായരായി. ഇരിപ്പിടത്തിനായി ഇഴഞ്ഞു നടന്നിരുന്ന കണ്ണുകളില്‍ വാര്‍ദ്ധക്യത്തിന്റെ യാചന നിഴലിച്ചിരുന്നു.
വര്‍ത്തമാനം പറഞ്ഞിരുന്ന സ്ത്രീകള്‍ പൊടുന്നനേ ഗൗരവപ്രകൃതരായി. ചിലര്‍ക്ക്‌ കലശലായ ഉറക്കം വന്നു. അവരാരും ആ പടുവൃദ്ധയെ കണ്ടില്ലെന്നു തോന്നുന്നു! ഞങ്ങളുടെ സ്ഥൂലശരീരങ്ങള്‍ വല്യമ്മക്കായി അതിവേഗം മെരുക്കപ്പെട്ടു.ഇപ്പോള്‍ വല്യമ്മ ഞങ്ങള്‍ക്കൊപ്പം ഇരുന്നു യാത്ര ചെയ്യുന്നു. കാതില്‍ പതിഞ്ഞ വാര്‍ദ്ധക്യത്തിന്റെ പിറുപിറുക്കലുകള്‍ നേര്‍ത്തു നേര്‍ത്തു വന്നു.. അവള്‍ സമ്മാനിച്ച കൂള്‍ കോട്ടന്‍ ഷര്‍ട്ടിലൂടെ ഒരു കൊച്ചു നീര്‍ച്ചാല്‍ അതിജീവനം തുടങ്ങി.കൊഴു കൊഴുത്ത ദ്രാവകം, കോടിയ വായിലൂടെ ഇറ്റുവീണു കൊണ്ടിരുന്നു.
ചായങ്ങള്‍ നനച്ച്‌ നൂലിഴകള്‍ പിന്നിട്ട്‌ ബനിയന്റെ സ്നിഗ്നതയും കടന്ന്‌ ഇടതു നെഞ്ചിലെ രോമങ്ങളിലേക്ക്‌ അതവസാനിച്ചു. തുരുമ്പു തിന്ന വിജാഗരിക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന ഒച്ചിന്റെ മണമായിരുന്നു അവിടമാകെ. പക്ഷേ ഉമിനീരിന്റെ പഴകിയ ഗന്ധം എന്നിലശേഷം വെറുപ്പുണ്ടാക്കിയില്ല.
മെയില്‍ ബോക്സിലേക്ക്‌ ആരോ ഫോര്‍‌വേ‌ഡ്‌ ചെയ്ത 'മദറിന്റെ' മുഖമാണോര്‍മ്മയില്‍ തെളിഞ്ഞത്‌...ചുമലനക്കേണ്ട ..അമ്മ ഉറങ്ങട്ടേ...

ഉറക്കച്ചടവോടെ യാത്ര പറയുമ്പോള്‍ കൈ നിറയേ 'അവലോസുണ്ടകള്‍ സമ്മാനിക്കാന്‍ വല്യമ്മ മറന്നില്ല. തേങ്ങയും ഏലവും സമാസമം ചേര്‍ത്ത , മുറുക്കവും മധുരവുമുള്ള അവലോസുണ്ടകള്‍.. അവ കടുമുടെപൊട്ടിച്ച്‌ ജാഗ്രതയോടെ ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ ചില വിഫലശ്രമങ്ങള്‍ നടത്താതിരുന്നില്ല.. അല്ലെങ്കില്‍ വേണ്ട ., ഉറങ്ങുന്ന സ്ത്രീപക്ഷങ്ങള്‍ താനേ ഉണരട്ടേ..
സം‌വാദങ്ങള്‍ ആയാസകരമായ തൊഴില്‍ തന്നെ, നല്ല വിശ്രമം ആവശ്യപ്പെടുന്നവ.

അവലോസുണ്ടയുടെ മധുരവും, പഴകിയ ഉമിനീര്‍ ഗന്ധവും പരസ്പരപൂരകങ്ങളായ ഓര്‍മ്മപ്പെടുത്തലുകളാണ്‌. അവയാകെ ഉറക്കം നടിക്കുന്നവര്‍ക്കായി സ്നേഹപൂര്‍‌വ്വം 'ഡെഡിക്കേറ്റ്‌' ചെയ്യുന്നു. ഒപ്പം ദക്ഷിണ്‍ റെയില്‍‌വ്വേ വക സുഖകരവും സുരക്ഷിതവും പക്ഷരഹിതവുമായ യാത്രാശംസകള്‍






4 comments:

വികടശിരോമണി said...

:)
റൈയിൽ‌വേ ദൈവങ്ങളേ നിങ്ങൾക്കു സ്തുതി!

പകല്‍കിനാവന്‍ | daYdreaMer said...

ചായ.. ചായ... ചായേ....
പഴേ പഴം... പഴേ പഴം...

ചൂളമടിച്ചു പാഞ്ഞോളൂ...
ആശംസകള്‍....

മുക്കുവന്‍ said...

ഉറക്കച്ചടവോടെ യാത്ര പറയുമ്പോള്‍ കൈ നിറയേ 'അവലോസുണ്ടകള്‍ സമ്മാനിക്കാന്‍ വല്യമ്മ മറന്നില്ല. തേങ്ങയും ഏലവും സമാസമം ചേര്‍ത്ത , മുറുക്കവും മധുരവുമുള്ള അവലോസുണ്ടകള്‍..

അവലോസുണ്ട dont eat too much :)

choodu naranga velllam?

joskal@hotmail.com said...

Othiri Ishtai ninte ezhuthu... Thudaroo..