സ്പര്‍ശം
മാ നിഷാദ
നമ്മുടെ കുടുംബക്കോടതികള്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ പോലെയാണ് .ഏപ്പോഴും തിരക്കോടു തിരക്കു തന്നെ.
കാറില്‍ നിന്നിറങാത്തവരും കാറു കണ്ടു മാത്രം പരിചയമുള്ളവരും വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നു.
ഒരുപാടൊത്തുതീര്‍പ്പുകള്‍ അതുപോലെ വിയോജനങ്ങള്‍ ..
അവരവര്‍ക്കോ / ഉറ്റവര്‍ക്കോ അപ്പുറം അതൊന്നും ഒരൊറ്റവരി വാര്‍ത്ത പോലുമാകുന്നില്ല.
കഥാപാത്രങ്ങള്‍ താരങ്ങളാകുബോള്‍ ചിത്രം മാറുന്നു.
കോടതിയിലേക്കുള്ള വരവു മുതല്‍ ഇറക്കം വരെ ..
അഭിമുഖം മുതല്‍ വാദങ്ങള്‍ വരെ..
കുഞ്ഞിന്റെ ക്ലോസപ്പു മുതല്‍ ദൂരക്കാഴ്ച്ച വരെ..
തത്സമയ അഭിപ്പ്രായ സംപ്രേകഷണമോ / എസ് എം എസ് വോട്ടെടുപ്പോ ഇതുവരെ നടന്നില്ലെന്നു തോന്നുന്നു.
നമുക്കൊരു നിമിഷം, ഇടയിലുലയുന്ന കുട്ടിയുടെ മനസ്സായി നോക്കാം !
എന്തൊക്കെയാകും ആ കിളിയിലൂടെ യാത്ര ചെയ്തിട്ടുണ്ടാകുക ?
എന്താകും അവള്‍ക്കു നമ്മോട് പറയാനുണ്ടാകുക ?
പിടിവലികള്‍ക്കിടയിലൂടെ നൂണ്ടിറങ്ങിയ ക്യാമാറക്കണ്ണുകളെക്കുറിച്ച
വീട്ടില്‍ / വരാന്തയില്‍ / ഓഫീസില്‍ / ബസ്സില്‍ / ട്രെയിനില്‍ / എവിടെയും 'ഡിസ്ക്കസ്' ചെയ്യപ്പെടാന്‍ പോകുന്ന തന്റെ ഭാവിയെക്കുറിച്ചോ ..?
അതോ ഡയാനക്കു പിന്നാലെ പാഞ്ഞു നടന്ന പപ്പരാസികളെക്കുറിച്ചോ ?
ക്രൌഞ്ചമിഥുനപ്പക്ഷികളെക്കു
തന്നെ ടി വി യില്‍ കണ്ട 'വിശേഷം' പങ്കു വെക്കുന്ന സഹപാഠികളെക്കുറിച്ചോ ?
മഞ്ഞകളിലെ അപസര്‍പ്പക കഥകളെക്കുറിച്ചോ ?
മടക്കത്തില്‍ കവിള്‍ നനച്ച കണ്ണീരിനെക്കുറിച്ചോ ..
പതിവായ് കാണുന്ന ദുസ്വപ്നങ്ങളെക്കുറിച്ചോ ...
അതോ ..
അതോ ...
അതോ ...
നീല ജീന്‍സിന്റെ കാര്‍ക്കശ്യം ഭേദിച്ച് ചുവപ്പ് പടര്‍ന്നിറങ്ങുന്നു. !
രണ്ടു വാഹനങ്ങള്‍ക്കിടയിലൂടെ വണ്ടി പായിക്കുക ഹരങ്ങളില്‍ പ്രധാനമാണ്.
ഇന്നു രാവിലെയാണ് സമാനഹരമുള്ള മറ്റൊരു ചെറുപ്പക്കാരന്‍ മുന്‍പിലൂടെ വണ്ടി പായിച്ചു പോയത്.
ആധുനിക എഞ്ചിന്‍ നിലവാരത്തിലെ ഏതോ ഒരു ഇരുച്ചക്ക്രവാഹനമെന്നോര്ക്കുന്
പിന്നീടു നടുറോഡില്‍ ഒരു കാറിനോരം ചേര്‍ന്ന്‍ വണ്ടിയില്‍ നിന്നുമിറങാനാകാത്ത വിധം വേദന കൊണ്ടു പുളയുന്ന ഒരുവനെയാണ് കണ്ടത് .
അവനെ ഞെക്കി ഞെരുക്കിയ അപരവാഹനം കടന്നു പോയിരിക്കണം.
കാഴ്ച്ചകണ്ടു നില്‍ക്കുന്ന ഒരുപാടു പേര്‍ ! (മലയാളീ !:)
ഏതായാലും പത്തുമണിയൊപ്പിന്റെ ഓര്‍മ്മകള്‍ കാന്‍സല്‍ ചെയ്ത് റോഡരുകിലെ വര്‍ക്ക് ഷോപ്പിനു മുന്നിലേക്ക്
അവനെ മാറ്റിയിരുത്തുബോഴേക്കും ആളു കൂടിക്കഴിഞ്ഞിരുന്നു. ഒരു കാല്‍ മുട്ട് മടക്കാനാകുന്നില്ല. നീല ജീന്‍സിന്റെ കാര്‍ക്കശ്യം ഭേദിച്ച് ചുവപ്പ് പടര്‍ന്നിറങ്ങുന്നു.
മുട്ടിന്റെ ചിരട്ടയില്‍ അസാരം ദ്വാരങ്ങള്‍ .
എന്നിട്ടും അവന്‍ കരയുന്നുണ്ടായിരുന്നില്ല.
മിക്കവാറും എല്ലാം മരവിച്ചു പോയിരിക്കണം.
കയ്യിലെ മൊബൈല്‍ ഫോണില്‍ നിന്നും ഏതോ ഒരു സുഹൃത്തിന്റെ നമ്പര്‍ അവന്‍ ഡയല്‍ ചെയ്തു വിവരങ്ങള്‍ ധരിപ്പിക്കാനേല്‍പ്പിച്ചു.
ആരോ കൈ കാട്ടി നിര്‍ത്തിയ ഓട്ടോറിക്ഷയിലേക്ക് പണിപ്പെട്ടു കയറ്റാന്‍ തുടങ്ങുന്നത്തിനിടയില്‍ യാദൃശ്ചികമായാണ് മറ്റൊരു ചെറുപ്പക്കാരന്‍ ഇടപെട്ടത്.
അദ്ദേഹത്തിന്റെ വാഹനത്തിലേക്ക് രഞ്ചിത്തിനെ കയറ്റി ഇരുത്തിപ്പുറത്തേക്കിറങ്ങിയപ്പോ
മേലുദ്യോഗസ്ഥനെ വീട്ടില്‍ നിന്നും ഒഫീസിലെത്തിക്കാനുള്ള തത്രപ്പാച്ചിലിലായിരുന്നിരിക്കണ
രണ്ടു വാഹനങ്ങള്‍ക്കിടയിലൂടെ വണ്ടി പായിക്കുബോള്‍ രഞ്ചിത്തും മറ്റു മുഖങ്ങളും എന്നിലും(എല്ലാവരിലും) തെളിയട്ടെ .. !
കാരണം പൊട്ടിപ്പോകാന്‍ നമുക്ക് കണ്ടമാനം മുട്ടുകള്‍ ഇല്ലല്ലോ.. !
പച്ച നിറമുള്ള ശബ്ദം
-----------------------
ഇത് ബാലു; റ്റൂ വീലര്‍ മെക്കാനിക്കാണ്. ‘പഞ്ചു’, ഹോട്ടലിലെ ഉച്ചഭക്ഷണത്തിനിടയില്‍ യാദൃശ്ചികമായാണ്, അദ്ദേഹവും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനുമൊപ്പം മേശ പങ്കിട്ടത്. ഗ്രീസും കരിയോയിലും കലര്‍ന്നതാണവരുടെ ഉടുപ്പുകള്‍ .നെറ്റിക്കു മുകളിലേയ്ക്ക് അലക്ഷ്യം തലമുടി ചിതറിക്കിടന്നിരുന്നു.വറുത്ത മുളകിനും വെള്ളരിയ്ക്കക്കറിക്കുമൊപ്പം അവരുടെ വര്‍ത്തമാനങ്ങളിലേയ്ക്കും മെല്ലെ സഞ്ചരിച്ചു.
ആദ്യമായ് ചെയ്ത വാഴക്കൃഷിവിശേഷങ്ങളാണ് ബാലു പങ്കു വെച്ചുകൊണ്ടിരുന്നത്.വീട്ടില്‍
“ഒരുതുള്ളി രാസവളം പോലും ഞാനവര്‍ക്കു കൊടുത്തിരുന്നില്ല... വൈകുന്നേരങ്ങളില്‍ അടുത്ത കിണറ്റില്‍ നിന്നാണു വെള്ളമെടുക്കുക.. ബക്കറ്റുകളില്‍ അതു വാഴച്ചുവടുകളിലേയ്ക്കെത്തിക്കും
ആദ്യ ലക്കമായതു കൊണ്ടു തന്നെ അധ്വാനത്തിനനുസരിച്ചുള്ള ലാഭമുണ്ടായില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.. അയ്യായിരം രൂപയാണു മുടക്കുമുതല്‍ .. അഞ്ഞൂറു രൂപ അധികം കിട്ടി. അതാണ് ആദ്യത്തെ ലാഭം..എങ്കിലും കൃഷി നിര്‍ ത്തുന്നില്ല. മണ്ണിനോടുള്ള ഇഷ്ടത്തിനൊപ്പം അതിനു മറ്റൊരു കാരണം കൂടിയുണ്ട്.. 'വാഴക്കുട്ടികള്‍ ക്കു' വെള്ളം കൊടുത്ത് വരമ്പത്തു നില്‍ക്കുബോള്‍ അവരൊരുമിച്ചു ബാബുവിനെ നോക്കി തലയാട്ടുമത്രേ അതിനപ്പുറം മറ്റൊരു സംതൃപ്തിയും തനിക്കില്ലെന്ന് ബാലു പറയുമ്പോള്‍ , ടിയാന്റെ കണ്ണുകളില്‍ നൂറു നേന്ത്രവാഴകള്‍ ഒരുമിച്ചു കുലയ്ച്ചു.
പുളിശ്ശേരിയെത്തിയിരിയ്ക്കുന്നു
ഏറെയകലെയല്ലാതെ പൊടി പടരുന്നതു കണ്ടോ .. ?
പകല്‍ ജോലിയുടെ കൊടുംഭാരം കൂസാതെ കൃഷിയിടത്തിലേയ്ക്കു വണ്ടി പായിയ്ക്കുന്നൊരു ചെറുപ്പക്കാരനാണത്. ഗ്രീസു പുരണ്ട വസ്ത്രങ്ങളെങ്കിലും അയാളെ നോക്കി അസംഖ്യം വാഴക്കുട്ടികള്‍ ഹൃദയപൂര്‍വ്വം തലയാട്ടാനുണ്ട്. അവരയാളെ ഇലകളാല്‍ ആലിംഗനം ചെയ്യുന്നു... കായ്കളാല്‍ ആശ്ലേഷിയ്ക്കുന്നു ...
മാതൃകാ കര്‍ഷകന്റേയോ മാറ്റിതര പുരസ്ക്കാരങ്ങളുടേയോ പ്രഖ്യാപനങ്ങളില്‍ ബാലുവിനെ കണ്ടെന്നു വരില്ല.എങ്കിലും ഇടക്കൊന്നു കാതോര്‍ത്താല്‍ കേള്‍ക്കാം ... സ്നേഹത്തിന്റേയും പരിസ്ഥിതി സൗഹൃദ സഹവര്‍ത്തിത്വത്തിന്റേയും നിലയ്ക്കാത്ത ശബ്ദങ്ങള്‍ .. .. ജീവന്റെ ചൂടുള്ളത് ... മണ്ണിന്റെ രുചിയുള്ളത് ..
* ബാലുവിന് ഇന്റര്‍നെറ്റുമായി യാതൊരു ബന്ധവുമില്ല ...
നമ്പര്‍ : 9747 989 847
നീ അവസാനമായ് തൊട്ട ..
മഴ നനച്ച വഴികളെങ്കിലും വൈകുന്നേരത്തെ പതിവു വ്യായാമം ഒഴിവാക്കാന്‍ തോന്നിയതേയില്ല .
ഇരുവശവും പടര്‍ന്നു നില്‍ക്കുന്ന പച്ചപ്പിന്റെ സമൃദ്ധി .
അവക്കരികിലായാണ് ആ കുഞ്ഞു ശരീരം കണ്ടത് .
കായിക ശേഷിയില്‍ മിടുക്കു കാട്ടിയ പതിനഞ്ചിലധികം ചുമടനുറുമ്പുകള്‍ അവനെ ഉയര്‍ത്തിപ്പിടിച്ചിരുന്നു .
ജീവന്‍ മടങ്ങാന്‍ മടി കാട്ടിയിട്ടാകണം , അവരുടെ സല്‍ക്കാരങ്ങള്‍ക്കിടയിലും അവന്‍ വിറച്ചു കൊണ്ടേയിരുന്നു .
സുഹൃത്തുക്കള്‍ ഓട്ടത്തിന്റെ രണ്ടും മൂന്നും റൌണ്ടുകള്‍ പിന്നിട്ടിരിക്കുന്നു .
അവരെന്തോക്കെയോ തമാശകള്‍ പൊട്ടിച്ച് കടന്നു പോയി ..
ഒന്നും ശ്രദ്ധിക്കാന്‍ തോന്നിയതേയില്ല ...
സുന്ദരികളായ പൂക്കള്‍ അവനിലൂടെ പരാഗിതകളായിരിക്കണം ...
ചിറകുകള്‍ ഉടയാതെ കൈവെള്ളയില്‍ ചേര്‍ത്തു ...
കറുപ്പും ചുവപ്പും നീലയും നിറങ്ങളില്‍ , മനോഹരമാണവന്റെ കുപ്പായം
വിട്ടു പോകാന്‍ വല്ലാത്ത മടി കാട്ടിയെങ്കിലും ...സൂക്ഷ്മതയോടെ ചുമടന്മാരെ ഊതിയകറ്റി ...
അവരുടെ കൂര്‍ത്ത ചുണ്ടുകള്‍ സമാധിയിലും അവന്റെ കുപ്പായങ്ങളില്‍ ഇഴഞ്ഞു നടന്നിരിക്കണം ....
നോക്കു കൂലിക്കു കാക്കാതെ അവര്‍ കലപില കൂട്ടി നടന്നു പോയി !
ക്രിക്കറ്റു കളിക്കുന്നവര്‍ മടക്കം തുടങ്ങിയിരിക്കുന്നു ..
അവരുടെ ട്രാക്ക് സ്യൂട്ടുകളില്‍ മഴ ട്വെന്റി ട്വെന്റി കളിച്ചു തുടങ്ങി ....
ക്ലാസ് മുറികള്‍ വിജനമാണ് ...
വരാന്തയോടു ചേര്‍ന്ന ആദ്യത്തെ ജനാലയില്‍ മഴ നനയ്ക്കാത്ത ഒരിടത്ത് ഞാന്‍ നിന്നെ ..... (ഉപേക്ഷിക്കുന്നു )
നാളെ ആദ്യമെത്തുന്ന കുട്ടിയാണ് നിന്നെ കാണുക ...
അവള്‍ നിന്നില്‍ മൃദുവായ് വിരല്‍ ചേര്‍ക്കും ...
പാല്‍ പോലെ കുട്ടിക്ക്യൂറ മണത്തിടും ....
കൈരേകകളില്‍ കുഞ്ഞരുവികള്‍ ഉയിര്‍ കൊള്ളും
ഒട്ടും പരിഭ്രമിക്കേണ്ടതില്ല ;
കൂട്ടുകാരന്‍ ചുറ്റുവട്ടത്തുണ്ടാകും ...
അതിനാല്‍ നീ മുഖം മിനുക്കണം
ഒരാണ്‍പൂവായോ ; പരകായപ്പെടണമെന്ന്‍ ........
നീ അവസാനമായ് തൊട്ട ശലഭം ആഗ്രഹിക്കുന്നു ....
ഇല്ലെങ്കില്‍ ആദ്യം കാണുന്ന കുട്ടിയാല്‍ നീയൊരു കവിതയാകും ...
മണ്ണെടുക്കാത്ത വരികളുള്ളത്.
ഒറ്റ-തിരിഞ്ഞവന്‍
മുറിവുകളാൽ മേഘാവൃതമായിരിക്കും...
പിന്നണിയിൽ
അണിമുറിയുമോർമ്മകൾ
അലറിപ്പാഞ്ഞുകൊണ്ടിരിക്കും.......
പക ചേർത്തു വെച്ചവർ ഉറുമി വീശും .;
വസ്ത്രങ്ങൾ ചുവന്നു തുടുക്കും ..
സായാഹ്നങ്ങളിലെ സൈറൺ പോലെ
യാഥാർത്ഥ്യങ്ങൾ അപൂർവ്വം ഇടി മുഴക്കം കൂട്ടും...
ഒരു പൊട്ടു വെളിച്ചം കനൽ പോലെ വെന്തു വരും.....
സ്നേഹത്താൽ,
ഊഷ്മാവുയർത്തുന്ന യന്ത്രം
പണ്ടേ നിശ്ചലമായിരിക്കുന്നു .....
അവശേഷിക്കുന്നത് നോവിന്റെ തപാൽ മുദ്രണങ്ങളാണ് ...!
പാതി കത്തിയ സുര്യനും
കത്തിയെറിയുന്ന പെൺകുട്ടിയുമുള്ളത്.....
"ഭേദം കൂട്ടങ്ങൾ തന്നെ...
കൂട്ടില്ലെങ്കിലും
കൂട്ടിമുട്ടില്ലല്ലോ ....." !
സ്വപ്നങ്ങൾ..
കിളികൾ പാടും എന്റെയാകാശം..
മഴമേഘങ്ങളേ
നിങ്ങൾ,
ഗതിവേഗം മാറ്റുക….
അതിവേഗം പായുക...
പാലൊത്തിരി ബാക്കിയായ്...
പുസ്തകം വാങ്ങണം
അവനു പഠിക്കുവാൻ
ചിലവുകളതു പലവിധം..
വരവിന്നാണതിരുകൾ...
വഴികളേ..,
നിങ്ങളെൻ പാദുകങ്ങളെ
ചുമ്പിച്ചു കൊള്ളുക..
തീനാവുകളാലെന്നെ
രസിച്ചു കൊള്ളുക..
ഉണ്ടതി ദൂരമുണ്ടെനിക്കു നടക്കാൻ...
ഉള്ളുരുകി പോകിലും
കണ്ണീർ വീഴില്ലിനി...
ഇതാ ഈ വിരലുകൾക്കുള്ളിൽ
ഒരു നിശാഗന്ധി
പൂത്തതു കണ്ടുവോ..
എന്നിലെ, തീനാളങ്ങളെ കണ്ടുവോ...
ഇരുളേ നിനക്കുള്ളിലും വെളിച്ചമുണ്ടാകും...
നിന്നിലെ വെളിച്ചത്തെ
ഞാനിതാ
കടഞ്ഞു കുടഞ്ഞെടുക്കുന്നൂ..
ഒരു പുതിയ നാളെയുണ്ടാകും..
അവിടെയെൻ സ്വപ്നങ്ങൾ പുലരും..
അവിടെയെൻ സ്വപ്നങ്ങൾ പുലരും...
കുറിപ്പ്: ഭരണ സിരാകേന്ദ്രത്തിനു തൊട്ടു പിറകിൽ പതിനാറു കൊല്ലമായി ചായക്കച്ചവടത്തിലൂടെ ഉപജീവനം നടത്തുന്ന വിമലേച്ചിയുടെ ജീവിതം നിർവ്വചനങ്ങളിലൊതുങ്ങാത്ത സ്ത്രീ ശാക്തീകരണത്തിന്റെയും..ധീരമായ അതിജീവനത്തിന്റേയും കഥയാണ്.വിമലേച്ചിയുടെ ഒരു ദിവസം 'വിമൺ റിപ്പബ്ലിക്ക്' എന്ന പേരിൽ ഡോക്കു-ഫിക്ഷണായി..ചിത്രത്തിൽ നിന്നുള്ള കവിതയുടെ ഓഡിയോ രൂപം മുകളിൽ.
ചിത്രത്തിൽ: വിമലേച്ചി
ആലാപനം: കെ.ജി.സൂരജ്
നൃത്തം
മനോഹരങ്ങളാകുന്നത്;
നിന്റെ അരക്കെട്ടാൽ അലങ്കരിക്കപ്പെടുമ്പോഴാണ്...
കടൽ നിറമാർന്ന
നിന്റെയുടയാട...
ഓരോ അണുവിലും...
ഒരുവന്റെ കരൾചുവപ്പ്
വിയർപ്പാൽ ഇണപിരിഞ്ഞ
രോമങ്ങളുടെ വന്യത
ചോരയുടെ ഉപ്പ്...
തണുത്തുറഞ്ഞ നിന്റെ സ്നേഹം..;
അതു കാത്തിരിക്കുന്ന
ഒരു കാട്ടുതീ....
പൊള്ളിയടരാം
വെന്തു നീറാം...
പറയൂ...
എന്നാണു നീ എന്നോടൊപ്പം നൃത്തം ചെയ്യുക?
ഒരു തീക്കാലമാകുക ?
മാങ്ങ
വേലിത്തലപ്പിനരികിലോ
കൺവെട്ടത്തെവിടെയെങ്കിലും
എന്നെ നടണം..
നിന്റെ ബാൽക്കണി
സുഖകരമായൊരിടം..
മേഘങ്ങൾ
സ്വപ്നങ്ങൾ
കടല്‍ക്കാഴ്ചകൾ
അവിടേക്കു പടരാൻ
വർഷങ്ങൾ വേണ്ടി വന്നേക്കാം..
നടുന്നതിനു മുൻപ്
പതിവുപോലെന്നെ വിവസ്ത്രനാക്കണം..
കരിമറുകുപറ്റിയ കൈവിരലുകളാൽ
അടിമണ്ണിളക്കണം;
ആഴങ്ങളിലേക്കെന്റെ വേരുകൾ പായണ്ടേ?
നിന്റെയുപ്പാലെൻ ചുവടു നനയ്ക്കണം;
ചതിക്കാറ്റിലും കരുത്തോടെ നിൽക്കണ്ടേ?
ഇടവേളകളിൽ
വർത്തമാനം പറയുകയും..
ഇലഞ്ഞരമ്പുകളിൽ
നെറ്റിയോടിക്കുകയും വേണം..
ദന്തചൂർണ്ണം
തീർന്നു പോയെന്നോ ?
ഇലയിഷ്ടമുള്ളോളം
നുള്ളിയെടുത്തോളൂ..
ഉമിനീരിൽ ചുവപ്പു പടർന്നെങ്കിൽ, ഓർക്കണം..
തൈമാവുകളെ പിറന്നാൾ സമ്മാനമാക്കുന്ന ഓരോ കാമുകനും
വിരൽച്ചോരയാൽ ചുവടു നനയ്ക്കുന്നു..
കനികളിൽ ചോരയോട്ടം സ്വപ്നം കാണുന്നു..
ഒരു നാൾ കുഞ്ഞുങ്ങളതു രുചിക്കുമത്രേ..
പഴച്ചാറിലച്ഛനെ മണക്കുമത്രേ..!
നെറ്റി വിയർക്കുകയോ
ഉള്ളു വരളുകയോ വേണ്ട...
വായനക്കിടയിൽ
ഒരു കഷ്ണം മാങ്ങ തിന്നോളൂ..
മറുകഷ്ണം അയാൾക്കുമിരിക്കട്ടേ.
രുചിഭേദം ആരോപിക്കപ്പെട്ടാൽ,
മൃദുവായ് ചിരിക്കാം...
ഒരുവന്റെ ചോര
അപരൻ രുചിക്കട്ടേ…
ഹൃദയത്തിന്റെ പൽച്ചക്ക്രം
വീട് പ്രതീക്ഷയാണ്;
എല്ലാ അലച്ചിലുകൾക്കുമൊടുവിലെ
അവസാനത്തെ അത്താണി..
ഓരോ മുറിയും എല്ലാവർക്കുമുള്ളത്.
നിയന്ത്രിക്കാൻ
കാത്തിരിക്കാൻ,
പ്രതീക്ഷിക്കാൻ,
പ്രതിഷേധിക്കാൻ,
പ്രതിരോധിക്കാൻ,
സ്നേഹമുള്ളവർ
ഉണ്ടാകുമ്പോഴാണ്
വീടിന്റെ ഹൃദയം
മിടിച്ചു തുടങ്ങുന്നത്...
നീ എന്റെ വീടാണ്;
വാതിൽ തുറക്കുക..
നടന്നു തുടങ്ങട്ടേ,
തുള വീണ ഹൃദയത്തിൻ
മുറിവേറ്റ പൽച്ചക്ക്രം...
കൊന്നമരം
ആരവങ്ങൾക്കും
അഘോഷങ്ങൾക്കുമൊടുവിൽ
കണ്ണുകൾ നഷ്ടമായ
നിന്റെ കൊന്നമരം.
സഞ്ചാരങ്ങളിൽ
വരാന്തക്കാഴ്ച്ചകളിൽ
പതിവായ്
നിന്നിലേക്കടർന്നു വീണിരുന്നവർ..
ഇന്നലെയവർ
കണിയായിരിക്കണം...
ഫലങ്ങൾക്കും
കനികൾക്കും
നാണ്യങ്ങൾക്കുമിടയിൽ
കണ്ണടച്ച്
കണ്ണുകൾ കാത്ത്..
വിറച്ച്
മുറിവേറ്റ്..
ഇന്നലെപ്പറഞ്ഞത്..
ആകാശത്തെക്കുറിച്ചാണ്..
കൊന്നപ്പൂക്കൾക്കും
ഇരുണ്ട മരങ്ങൾക്കുമിടയിലെ
നിന്റെ നീലാകാശം;
മഴമേഘങ്ങളെ ഉള്ളിലൊളിപ്പിച്ചത്..
തുമ്പികൾ പായുന്നത്...
ചിറകുകൾ നനയാതിരിക്കാനാണ്.
നിന്റെ മരച്ചുവട്
തൽക്കാലം ഉപേക്ഷിക്കുക...
ഹിന്ദോളം തുടരുക തന്നെ ചെയ്യുക..
അവർ കാണാതെ പോയ നിന്റെ പൂക്കൾ...
മണ്ണിൽ വീഴട്ടെ..
മഴക്കൊപ്പം..
സ്വകാര്യം
കർഷകന്
ആണ്ടോടാണ്ട് മകളുടെ സമ്മാനം..
അക്ഷരഭംഗിക്കും
വ്യാകരണമുറകൾക്കുമുപരി
വിളകൾ സമ്പുഷ്ടമാക്കിയ
അനുഭവങ്ങളുടെ ഭൂതഭൂപടം..
ചതിച്ച അന്തകനും
ഇരട്ടിച്ച പലിശയും
ഒളിച്ച മഴയും
ഉൾനനച്ച
വേദനളുടെ വെളിപാട്....
തീ തിന്ന പാടങ്ങളേ
നിങ്ങൾക്കു കരിഞ്ഞ കടലാസുമണങ്കിൽ
ഉറപ്പിക്കാം….;
വേവുന്നുണ്ട്..
ഉമിത്തീയിൽ,
ഒരു പച്ച മനുഷ്യന്റെ കള പറിച്ച വിരലുകൾ
ഡയറി;
തൊഴിലാളിയുടെ
തുരുമ്പിച്ച യന്ത്രക്കുറിപ്പ്.
നഷ്ടമായ തൊഴിലും
പൂട്ടിയ തൊഴിലിടവും
രസമുള്ള ഫലിതങ്ങൾ !
ഗോളമാന്ദ്യത്തിനും
മെയ് ദിന പ്രതിജ്ഞക്കുമിടയിൽ
ചിരി നിലച്ചൊരു വീട്..;
മോൻ വരച്ചത്.
ഒഴിഞ്ഞ ആമാശയങ്ങൾ;
ഉൾമുറിയിൽ നാലെണ്ണം.
കിണറുണ്ട് തൊടിയിൽ..
നാലുപേർക്കുള്ളത്..
ഡയറി
വിദ്യാർത്ഥിയുടെ പഠപുസ്തകമേയല്ല..
ആശ്രയമില്ലാത്ത
സ്വാശ്രയ സംഖ്യകൾ;
അഛന്റെ കണ്ണീരിൽ നന്നായ് കുതിർന്നത്...
ചേ ഗുവേരചിത്രം..
കുഞ്ഞൊരു കവിത..
മുത്തശ്ശിമാവിൻ തണൽ..
യൂണിയൻ മുറിക്കാഴ്ച്ച..
മുഷിഞ്ഞ സാക്ഷ്യപത്രങ്ങൾക്കു മീതേ
അവളുടെ കൈപ്പട
"സഖാവേ, ലാൽ സലാം ." !!
ഡയറി; വേട്ടക്കാർക്ക്
ചോര പകർത്താൻ നിർമ്മിക്കപ്പെട്ടത്...
ഇനം, നിറം
മണം, രുചി
വില, മതം
എല്ലാറ്റിനും സൂത്രവാക്യങ്ങൾ..
ആവശ്യക്കാരുടെ സൗകര്യാർത്ഥം
നീട്ടിവെക്കപ്പെടേണ്ട ആർത്തവം ..
പ്രവർത്തിദിനങ്ങൾ ...
എല്ലാം കൃത്യം
ശാരി.. അഭയ.. അരൂപ..റജീന..
(അ) പരിചിതമായ ചില "ശബ്ദങ്ങൾ" !
അവക്കു മുകളിൽ.. കറുത്ത വരകൾ
പരതേണ്ടതില്ല;
എല്ലാവരും യാത്രകളിലാണ്..
ഡയറി;എനിക്ക്..?
സഞ്ചാരങ്ങളുടെ അവശേഷിപ്പ്..
അറിവുകൾ നടുക്കിയ
നോവിന്റെ ചാവുകടൽ..
ഉണങ്ങിയ മുറിവുകളുടെ മങ്ങിയ ഫോട്ടോസ്റ്റാറ്റ്
പഴയ ഡയറികൾ ഭാരം കൂടിയവയാണ്;
ചെറിയ സഞ്ചികൾക്കുൾക്കൊള്ളാനാകാത്തത്..
തീ പിടിക്കാൻ പര്യാപ്തമായത്…
വെളിച്ചമാക്കാൻ ഉപയുക്തമായത്..
അവലോസുണ്ട
എരിയും ചൂടില്‍ പുക വലിക്കുന്നവര്'.
പൊള്ളും രാഷ്ട്രീയം സംവദിക്കുന്നവര്‍.
കൈലേസുകളാല്‍ വിയര്‍പ്പൊപ്പുന്നവര്‍.
സ്വന്തം മേല്‍ കൊണ്ടു നിലം തുടക്കുന്നവര്‍.
വഴിക്കാഴ്ച്ചകള്‍ കണ്ടിരിക്കും ചിലര്‍.
എല്ലാം മറന്ന് സുഖമായുറങ്ങുവോര്‍.
ചുറ്റിനും മുഴങ്ങും റിങ്ങ് ട്ടോണ്‍ ഒച്ചകള്‍.
ഉറക്കെപ്പാടുന്ന അന്ധയായ പെണ്‍കുട്ടി .
കക്കൂസില്‍ നിന്നും തുളച്ചെത്തുന്ന മൂത്രച്ചൂരുള്ള കാറ്റ്..'
ഏതായാലും ഒന്നര മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 'ഹാപ്പാ എക്സ്പ്രസ്സ്' നീങ്ങിത്തുടങ്ങി.
തിക്കിനും തിരക്കിനുമിടയില്‍ ഇരുണ്ട ചായം തേച്ച തടി സീറ്റിന്റെ ഒരറ്റം ഒഴിഞ്ഞു കിട്ടി. ഞങ്ങള്‍ അഞ്ചു പേര്‍ ബുദ്ധിമുട്ടിയെങ്കിലും സമൃദ്ധമായിരിക്കുന്നു. എതിര്‍ സീറ്റിലെ നാലു പേരും സ്ത്രീകളാണ്.
സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍, വര്‍ദ്ധിച്ചു വരുന്ന പീഢനം, ജെന്റെര്‍ ഇക്വാളിറ്റി, തുടങ്ങി ഗൗരവതരവും ഉള്‍ക്കനവുമുള്ള ചര്‍ച്ചകളാല്‍ അവര്‍ തങ്ങളുടെ തീവണ്ടി സമയം സജീവമാക്കി.കട്ടിക്കണ്ണട വെച്ച മധ്യവയസ്കയാണ്, അവരിലെ പ്രധാനിയെന്നു തോന്നുന്നു. ആദരം പിടിച്ചുപറ്റുന്ന അവരുടെ വാക്കുകള്‍, ചില 'ആണ്‍-സിങ്കങ്ങളുടെയെങ്ങിലും' സമനില പാടേ തെറ്റിച്ചിരിക്കണം. സ്ത്രീകളുടെ കോട്ടണ്‍ സഞ്ചികള്‍ കുടവയര്‍ പോലെ വീര്‍ത്തിരുന്നു.വയര്‍ തുളച്ച് ആനുകാലികങ്ങള്‍ പുറത്തേക്കു നോക്കി..ജനലിനോട് ചേര്‍ന്നിരിക്കുന്നത് ഒരുറച്ച ആഹാരപ്രിയനാണ്. പാന്‍ട്രികാറിലെ വറചട്ടിയിയില്‍ മൊരിഞ്ഞു ചുവന്ന, എണ്ണ കുടിച്ചു വീര്‍ത്ത, ഉഴുന്നുവടകള്‍ ചുടുചട്ട്ണിയില്‍ മുക്കി ഇടതടവില്ലാതെ ശാപ്പിടുന്ന അയാള്‍ക്കു മുന്‍പിലൂടെ
വറ്റിയ പുഴകളും,
കത്തുന്ന പാടങ്ങളും,
കടയറ്റ മരങ്ങളും ഓടിപ്പോകും.
ബാല്യത്തിന്റെ തീവണ്ടിയോര്‍മ്മകള്‍ വേനലവധികളിലാരംഭിക്കുന്നു .സന്തോഷകരമായ നാട്ടുയാത്രകള്‍,. മടക്കങ്ങളാണു വേദനിപ്പിക്കുക. തീവണ്ടി, സുഖവും ദു:ഖവുമാകുന്നു.... പുകതുപ്പി ഗമയോടെ വേഗത്തില്‍ പായുന്ന ഞങ്ങളെ നോക്കി കുട്ടികള്‍ ചിരിക്കുകയും പട്ടികള്‍ കുരക്കുകയും ചെയ്തിരുന്നു. യാത്രക്കാര്‍ വഴിയോരങ്ങളില്‍ അഭിവാദ്യം ചെയ്തു കടന്നു പോയി.
തീവണ്ടിപ്പകലുകളെ ഇരുട്ടു ചുംമ്പിക്കുന്നത്, യാത്ര തുരങ്കങ്ങളിലെത്തുമ്പോഴാണ്.തുരങ്കങ്ങള്‍ സുഖമുള്ള തണുപ്പറകളാകുന്നു. അവയുടെ ചുവന്ന മണ്‍ഭിത്തികളിലൂടെ നീരുറവകള്‍ പൊട്ടിയൊലിക്കം. കൂരിരുട്ടില്‍ ജലരേഖകളുടെ മണ്‍കൊഴുപ്പില്‍, വേരുകള്‍ മണ്ണിരകളോടിണ ചേരും. പച്ചവള്ളിപ്പടര്‍പ്പുകളില്‍ മണ്‍പാറ്റകള്‍ കൂടുകൂട്ടും. ഇലകള്‍ ഇലകളോട് മെയ്യുരസ്സും. ഇലഞ്ഞരമ്പുകളില്‍ പച്ചിലപ്പാമ്പുകള്‍ ഇളം പച്ചപ്പടം പൊഴിച്ചിടും..
പാളങ്ങള്‍ക്കരികിലെ മുനിഞ്ഞു കത്തുന്ന വെളിച്ചപ്പൊട്ടുകളാണ് ഇവിടങ്ങളിലെ മനുഷ്യന്റെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നത്. ചക്ക്രശില്‍ക്കാരങ്ങളാല്‍ ഉണരുകയും ,ഉറങ്ങുകയും ചെയ്ത ഒരു ജനസംസ്കൃതി, മുകള്‍ത്തട്ടിലെ സമാന്തരമായി മണ്മനം പറ്റി വളരുകയും കരിം പുക തട്ടി തളരുകയും ചെയ്തിരിക്കണം. ഈ ഗുഹാമുഖങ്ങളിലെ ചതുപ്പു നിലങ്ങളില്‍ കാട്ടുചീരയും കമ്മ്യൂണിസ്റ്റു പച്ചയും ഇടകലര്‍ന്നു വളരുന്നു...ഇവിടങ്ങളിലെ ചെറുബാല്യങ്ങള്‍ ഈ റെയില്‍പ്പാളങ്ങളെ
നടപ്പാതകളാക്കിയിരിക്കണം...പിഞ്ചുകാലടികളിലെ ചരല്‍ തിന്ന തൊലിപ്പുറം, ഇലച്ചാറില്‍ മുക്കിയവര്‍ സ്ക്കൂളിലേക്കോടിയിരിക്കണം.
തുരങ്കരാത്രികളിലെ ശബ്ദാനുക്രമങ്ങള്‍ പനി വിതച്ച പൊന്തനെലിയും പേറുകഴിഞ്ഞ കൊടിച്ചിപ്പട്ടിയും നിയന്ത്രിക്കുന്നു. ഇരുട്ടുമുറിച്ചെത്തുന്ന കാക്കിധാരിയുടെ തിളങ്ങുന്ന ടോര്‍ച്ചുവെട്ടവും, ഉടുതുണി മാറോടടുക്കിയോടുന്ന രാത്രിപ്പെണ്ണിന്റെ പദസഞ്ചലനവും ഇവിടത്തെ സ്ഥിരം കാഴ്ച്ചകളത്രേ.. അവളുടെ നെഞ്ചൊച്ച കൂരിരുട്ടിനെ കീറി മുറിക്കും..അപൂര്‍വ്വമായെത്തുന്ന തുരങ്കങ്ങള്‍ ഞങ്ങളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയിരുന്നത്..മൂന്നു വയ്യസ്സിളപ്പമുള്ള പെങ്ങളും ഞാനും ജനാലക്കരികിലെ ഇരിപ്പിടത്തിനായി നിരന്തരം മത്സരിച്ചിരുന്നു. അച്ഛനമ്മമാരുടെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ഒരിക്കലും ഞങ്ങളെ തൃപ്ത്തരാക്കിയിരുന്നില്ല.
പുകയുന്ന ചൂടില്‍ ബാല്യം മെല്ലെയുരുകി...
.ഏതോ ഒരു ലെവെല്‍ ക്രോസിനു സമീപമാണു തീവണ്ടീയിപ്പോള്‍..ഞങ്ങളുടേതിനേക്കാള്‍ വേഗതയുള്ള മറ്റൊരു സുഹൃത്തിനു 'വഴിയൊരുക്കാന്‍ ' പിടിച്ചിട്ടതാണത്രേ..അതേതായാലും 'ശ്ശീ'
നീണ്ടു.ഇരുവശവും അക്ഷമമായ കണ്ണുകളാല്‍ വാഹനങ്ങളുടെ നീണ്ട നിര. ഇതിനിടയില്‍ ഒരു സുന്ദരിപ്പശു ! അവള്‍ തന്റെ വഴി മുടങ്ങിയതില്‍ പ്രതിഷേധിച്ച് ശക്തമായ് കോട്ടുവായിട്ടു. കാലിനും വാലിനുമിടയിലൂടെ ഒലിച്ചിറങ്ങിയ ചാണകം, വേനല്‍ തിളപ്പിച്ച താര്‍ നിരത്തിനെ തെല്ലൊന്നു തണുപ്പിച്ചിരിക്കണം..അല്ലാ.,ചാണകത്തിനും ചൂടുണ്ടാകുമോ ? ഉഷ്ണം ഉഷ്ണേന ശാന്തി !. നീണ്ട തീവണ്ടിയെ നോക്കി ദീപ്തമായ കണ്ണുകളാല്‍ അവള്‍ മന്ത്രിച്ചിരിക്കണം.. "എന്താ മാഷേ..ഇതെന്താ കഥ " ..!!!
വഴിക്കാഴ്ച്ചകള്‍ സിനിമകളാണ്..അവ മിന്നി മറഞ്ഞു കൊണ്ടിരിക്കും. പൊടിപിടിച്ചതും, വിലപിടിച്ചതുമായ മനുഷ്യരുടെ മിനിയേച്ചര്‍ ദൃശ്യങ്ങള്‍...
യാത്രയുടെ കുലുക്കത്തിനിടയിലും പത്രം ആര്‍ത്തിയോടെയാണ് തിന്നു തീര്‍ത്തത്. പാളങ്ങളില്‍ പിടഞ്ഞമര്‍ന്നവരുടെ ദുരന്ത കഥകള്‍ മുതല്‍ വിവിധ തരം മരണങ്ങളാല്‍ ചരമക്കോളങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. പീഢനം അയാള്‍ക്കൊരു ഫാഷനായിരുന്നുവത്രേ..പരേതന്റെ ഛിന്നഭിന്നമായ ബഹുവര്‍ണ്ണ ചിത്രത്തിനൊപ്പം വിശദമായ റിപ്പോര്‍ട്ടും കൊടുത്തിരിക്കുന്നു.ലേഖികയുടെ ഗ്രാഫ് ഉറപ്പായും ഉയര്‍ന്നിരിക്കണം...
ഒരിറച്ചിവെട്ടുകാരന്റെ ലാഘവത്തോടെ ഉരുക്കുചക്രങ്ങള്‍ അയാളെ അരിഞ്ഞു വീഴ്ത്തിയിരിക്കണം. നിലവിളിസമയം ശേഷിപ്പിക്കാതെ പാളങ്ങള്‍ അയാളോടു മന്ത്രിച്ചിരിക്കണം.."സുഹ്രുത്തേ താങ്കള്‍ പരിധിക്കു പുറത്താണ്" !! ഇങനെ പരിധിക്കു പുറത്തായവര്‍ക്ക് തീവണ്ടിയുടെ അനന്തസാധ്യതകള്‍ പരീക്ഷണവിധേയമാക്കാവുന്നതാണ്.
തീവണ്ടി ഒരതിവേഗ മോക്ഷമാര്‍ഗ്ഗമാകുന്നു..!!
അവിടെ ആ തുറന്നിട്ട വാതിലിനരികില്‍ കക്കൂസുകളാണ്, വൃത്തിയും വെടിപ്പുമില്ലാത്തവ രണ്ടെണ്ണം. പാളങ്ങളിലേക്ക് അലറിത്തെറിക്കുന്ന വിസര്‍ജ്യങ്ങള്‍ കരിങ്കല്‍ക്കഷ്ണങ്ങളില്‍ ചിതറി തെറിക്കും വിധം ശാസ്ത്രീയമായി സജ്ജീകരിച്ചിരിക്കുന്നു. കുടുസ്സു മുറിയില്‍ കുടുങ്ങി നിന്നു മൂത്രമൊഴിക്കാന്‍ പ്രത്യേക പ്രാഗല്‍ഭ്യം അഭികാമ്യം..എല്ലോറയിലെ ഗുഹാചിത്രങ്ങള്‍ക്കു വെല്ലുവിളി ഉയര്‍ത്തി ചുറ്റിനും നഗ്നത ഫ്രീയായി കോറിയിട്ടിരിക്കുന്നു. താങ്കള്‍ ഒരു ജന്തു ശാസ്ത്ര വിദ്യാര്‍ത്ഥിയെങ്കില്‍ നിര്‍ബന്ധമായും ഈ വിഷ്വല്‍ റൗണ്ട് കണ്ടിരിക്കണം. മലയാളനിഘണ്ടുനന്യമായ അസാമാന്യം പദശേഖരങ്ങളാല്‍ ഈ ചെറുമുറി ധാരാളിത്തം കാട്ടുന്നു.രക്തം കുടിച്ചു വീര്‍പ്പുമുട്ടിയ പഞ്ഞിക്കഷ്ണങ്ങള്‍ മൂലകളില്‍ അന്ത്യ വിശ്രമം കൊള്ളുന്നു.ഒരു പരസ്യവാചകമാണ് പെട്ടെന്നോര്‍മ്മ വന്നത്, 'നമുക്കും മോഡേണാകണ്ടേ'!!!.. ആധുനിക നാഗരികതയുടെ സാംസ്കാരികതയുടെ വികാസമാണ് ഗവേഷണവിഷയമെങ്കില്‍ ഇത്തരം പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഉചിതമായിരിക്കും.
"കഞ്ഞിപ്പശ മുക്കി തേച്ചു മിനുക്കിയ ചട്ടയും മുണ്ടും.
വളിയ തുളയുള്ള കാതുകള്‍..
'ഠ' വട്ടത്തില്‍ കമ്മലുകള്‍.
വിരലോടിത്തേഞ്ഞ കൊന്തമാല.
വില്ലു പോലെ വളഞ്ഞ മുതുക്.
ഊന്നുവടിയാക്കിയ മുഷിഞ്ഞ കാലന്‍ കുട."
മധ്യ തിരുവിതാംകൂറിന്റെ നസ്രാണിപ്പെരുമ തനിമയോടെ അനുസ്മരിപ്പിച്ച് ഒരു പാവം വല്യമ്മ..
തീവണ്ടിയിലെ പെരുന്നാള്‍ തിരക്കുകണ്ടന്തം വിട്ടു നില്‍ക്കുന്ന, വല്യമ്മക്കു ചുറ്റിനും യാത്രക്കാര്‍ മെഴുകുതിരി പോലെ ഉരുകിപ്പരന്നു.ഒപ്പമുണ്ടായിരുന്നവര്‍ വല്യമ്മക്കു സ്ഥലം കണ്ടെത്താനാകാതെ നിസ്സഹായരായി. ഇരിപ്പിടത്തിനായി ഇഴഞ്ഞു നടന്നിരുന്ന കണ്ണുകളില്‍ വാര്‍ദ്ധക്യത്തിന്റെ യാചന നിഴലിച്ചിരുന്നു.
വര്‍ത്തമാനം പറഞ്ഞിരുന്ന സ്ത്രീകള്‍ പൊടുന്നനേ ഗൗരവപ്രകൃതരായി. ചിലര്‍ക്ക് കലശലായ ഉറക്കം വന്നു. അവരാരും ആ പടുവൃദ്ധയെ കണ്ടില്ലെന്നു തോന്നുന്നു! ഞങ്ങളുടെ സ്ഥൂലശരീരങ്ങള്‍ വല്യമ്മക്കായി അതിവേഗം മെരുക്കപ്പെട്ടു.ഇപ്പോള്‍ വല്യമ്മ ഞങ്ങള്‍ക്കൊപ്പം ഇരുന്നു യാത്ര ചെയ്യുന്നു. കാതില്‍ പതിഞ്ഞ വാര്‍ദ്ധക്യത്തിന്റെ പിറുപിറുക്കലുകള്‍ നേര്‍ത്തു നേര്‍ത്തു വന്നു.. അവള്‍ സമ്മാനിച്ച കൂള്‍ കോട്ടന്‍ ഷര്‍ട്ടിലൂടെ ഒരു കൊച്ചു നീര്‍ച്ചാല്‍ അതിജീവനം തുടങ്ങി.കൊഴു കൊഴുത്ത ദ്രാവകം, കോടിയ വായിലൂടെ ഇറ്റുവീണു കൊണ്ടിരുന്നു.
ചായങ്ങള്‍ നനച്ച് നൂലിഴകള്‍ പിന്നിട്ട് ബനിയന്റെ സ്നിഗ്നതയും കടന്ന് ഇടതു നെഞ്ചിലെ രോമങ്ങളിലേക്ക് അതവസാനിച്ചു. തുരുമ്പു തിന്ന വിജാഗരിക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന ഒച്ചിന്റെ മണമായിരുന്നു അവിടമാകെ. പക്ഷേ ഉമിനീരിന്റെ പഴകിയ ഗന്ധം എന്നിലശേഷം വെറുപ്പുണ്ടാക്കിയില്ല.
മെയില്‍ ബോക്സിലേക്ക് ആരോ ഫോര്‍വേഡ് ചെയ്ത 'മദറിന്റെ' മുഖമാണോര്‍മ്മയില്‍ തെളിഞ്ഞത്...ചുമലനക്കേണ്ട ..അമ്മ ഉറങ്ങട്ടേ...
ഉറക്കച്ചടവോടെ യാത്ര പറയുമ്പോള്‍ കൈ നിറയേ 'അവലോസുണ്ടകള്‍ സമ്മാനിക്കാന്‍ വല്യമ്മ മറന്നില്ല. തേങ്ങയും ഏലവും സമാസമം ചേര്‍ത്ത , മുറുക്കവും മധുരവുമുള്ള അവലോസുണ്ടകള്‍.. അവ കടുമുടെപൊട്ടിച്ച് ജാഗ്രതയോടെ ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ ചില വിഫലശ്രമങ്ങള്‍ നടത്താതിരുന്നില്ല.. അല്ലെങ്കില്‍ വേണ്ട ., ഉറങ്ങുന്ന സ്ത്രീപക്ഷങ്ങള്‍ താനേ ഉണരട്ടേ..
സംവാദങ്ങള്‍ ആയാസകരമായ തൊഴില്‍ തന്നെ, നല്ല വിശ്രമം ആവശ്യപ്പെടുന്നവ.
അവലോസുണ്ടയുടെ മധുരവും, പഴകിയ ഉമിനീര്‍ ഗന്ധവും പരസ്പരപൂരകങ്ങളായ ഓര്‍മ്മപ്പെടുത്തലുകളാണ്. അവയാകെ ഉറക്കം നടിക്കുന്നവര്‍ക്കായി സ്നേഹപൂര്‍വ്വം 'ഡെഡിക്കേറ്റ്' ചെയ്യുന്നു. ഒപ്പം ദക്ഷിണ്‍ റെയില്‍വ്വേ വക സുഖകരവും സുരക്ഷിതവും പക്ഷരഹിതവുമായ യാത്രാശംസകള്‍
ബൈനോക്കുലര്‍
സൗഹൃദത്തിന്റെ ആദ്യ പാദത്തിൽ
നീ കുടു കുടെ ചരിച്ചു കൊണ്ടിരുന്നു
ഇലകളിൽ വീണ മഞ്ഞ്
ഓടി നടക്കുന്ന മഞ്ചാടിക്കുരുക്കൾ
കിലുങുന്ന കുപ്പിവളകൾ
ക്രമരഹിതമെങ്കിലും
നിന്റെ ഭ്രമങൾക്ക് മുലപ്പാൽ ഗന്ധം
വർത്തമാനത്തിന്റെ രണ്ടാംപാദം
ചെറിയൊരു ഫ്രെയ്മില് ആരംഭിക്കുന്നു
ചിതറിയ പുസ്തകങൾക്കും
അലക്ഷ്യം വസ്ത്രങൾക്കുമിടയിൽ
വിരിപ്പുകൾ വകഞ്ഞു മാറ്റി
കണ്ണുകളാൽ ആകാശം തൊടുന്നൊരു പെൺകുട്ടി
മേഘങ്ങൾക്ക് ചിറകുകളുണ്ടത്രേ..,
ചെറിയവയെങ്കിലും ഉറപ്പുള്ളവ,
പറക്കാൻ കെൽപ്പുള്ളവ…
ഇരുമ്പഴികൾ ഭേദിച്ച്
വെളിച്ചത്തിലേക്കു നീളുന്ന കുഞ്ഞു കൈകൾ.
മഴയാൽ സ്നാനം ചെയ്യപ്പെട്ട നിന്റെ മുഖം..
സമർത്ഥമായൊളിപ്പിച്ച ആഴമുള്ള മുറിവുകൾ.
കണ്ണീരും സ്വപ്നങളും ഇണ ചേരാറുണ്ടോ ?
സങ്കീർണ്ണമായൊരു ചോദ്യമെറിഞ്ഞ്
മഞ്ഞിൽ അലിയുന്ന ഒരോറഞ്ചുടുപ്പ്.
'വറുത്ത പലഹാരങ്ങൾക്കു പകരം
മേഘങൾ പ്രസവിക്കുമൊരു പുസ്തകം'.
കഥയിഷ്ട്ടമായി..,
ഇരുട്ടു ലാക്കാക്കുന്ന ഉള്ളടക്കമാണു പ്രശ്നം
അതു വല്ലാതെ അസ്വസ്ഥമാക്കുന്നു..
മുറി നിറയുന്ന പിറന്നാൾ സമ്മാനങൾ.
ഇതിന് മറ്റുള്ളവയുടെ വിലയുണ്ടാകില്ല.
പക്ഷേ ,നിനക്കും കാഴ്ച്ചക്കുമിടയിലെ
വലിയ അകലം ഇതു കുറക്കും.
കണ്ണുകൾ ചേർക്കുക
ഇടതു വശം സ്റ്റാച്യൂ..,
നഗരത്തിലെ സജീവമായൊരിടം..
മനോഹരമായതും.
കണ്ണു പൂട്ടേണ്ടതില്ല...
വെളിച്ചം വാഹനങളുടേതാണ്..
നിന്നെ കൊതിപ്പിക്കുന്ന മണം..
അരുൾജ്യോതിയിലെ മസാല ദോശയുടേതും
അപ്പുറം രമേശേട്ടന്റെ തട്ടുകട
പലതരം പുസ്തകങളുള്ളത്...
വഴികൾ പലതുണ്ട്
പലവിധം മനുഷ്യരും..
നിഴൽ മാറുമൊരുനാൾ. മഞ്ഞുരുകും..
കാത്തിരിക്കുകയതു വരെ
വര്‍ത്തമാനം
ഭൂപടം
പേര് വഴങ്ങാത്ത ചില...
പരേതന്റെ കാഴ്ച്ചകള്‍
അതിരുകളിലേക്കു നോക്കുക....
ഓരോ പടയാളിയും ഒരു നിഴല്‍പ്പാവ.
ഉറ്റവരുണ്ടിടാന്‍ ഉയിരു വില്‍ക്കുന്നവര്‍.
ഉടയാന്‍ ചിതറാന്‍ അംഗഭംഗപ്പെടാന്‍
ആസൂത്രിതമായ് അവര്‍ നിര്‍മ്മിച്ചത്..
കുടുംബ്ബചിത്രങ്ങളാല്‍ പിന്‍തിരിയുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം..
ആത്മമിത്രം അക്രമാസക്ത്‌നായ ദേശീയനാകാം..
അവന്റെ തിരയില്‍ ഒരു വീടു തുളയും.
പടയോട്ടങ്ങളില്‍ വീണു പോയവര്‍ ഭാഗ്യവാന്‍മ്മാര്‍.
രാജ്യം ഒരു വീരമ്രിത്യു കൂടി ആചരിച്ചു കൊള്ളും.
കഴുതകള്‍ ഉപചാരപൂര്‍വം ആചാരവെടി മുഴക്കും.
മണ്ണു പുരണ്ട മാംസക്കഷ്‌ണങ്ങളെ .,
ദേശീയപതാകയാല്‍ ആലേഖനം ചെയ്യും.
വാഹനങ്ങളില്‍ ചിലര്‍ മുഖചിത്രം പതിക്കും.
ദേശസ്നേഹം തൊട്ടുതീണ്ടാത്ത ചില പരദേശികാക്കകള്‍
മീശമേല്‍ കാഷ്ട്ടിച്ചെന്നിരിക്കും.
ക്ഷമ പാലിക്കുക .
അഴുക്കു വലം വെച്ച തെമ്മാടിയീച്ചകള്‍
കിന്നാരം പരഞ്ഞെന്നുമിരിക്കും .,
കണ്ണടച്ചേക്കുക.
രാഷ്‌ട്ട്രം ഘോഷങ്ങളിലാണ്..
അയല്‍ക്കാരന്റേതെല്ലാം ഇപ്പോള്‍ ഞങ്ങളുടേതാണത്രേ..
പ്രഖ്യാപിക്കപ്പെട്ട സൗജന്യങ്ങളില്‍ എന്റെ കുടുമ്പവുമുണ്ട്..
പ്രശ്‌നം കുട്ടികളാണ് ?
അവരുറങ്ങുന്നതേയീല്ലത്രേ..
ശാഠ്യങ്ങളില്‍ ഒരു കളിത്തോക്കുണ്ട് .
വ്രണങ്ങള്‍ പൂക്കളം തീര്‍ത്ത
അവളുടെ നെഞ്ചു ചൂണ്ടി ,
അവര്‍ പറയുന്നു"
'ഞങ്ങള്‍ക്കും യുദ്ധം' ചെയ്യണമമ്മേ..' !